മണ്ണിൽ കുഴിച്ച് മാർഗം തെളിച്ചവർ - പൂക്കോട്ടുകാവ്
നിത്യവും കാണുന്ന വരള്‍ച്ചയുടെ കാഴ്ചകളിലെല്ലാം സ്ത്രീകളുണ്ട്. കൊച്ചുകുഞ്ഞുങ്ങളുമായി കുടം തലയിലേന്തി കിലോമീറ്ററുകള്‍ താണ്ടുന്നവര്‍. പൈപ്പിനുമുന്നില്‍ പാത്രങ്ങള്‍ നിരത്തി ഊഴം കാത്ത് നില്ക്കുന്ന പെണ്കൂട്ടങ്ങള്. എപ്പോഴോ എത്തിച്ചേരാനിടയുള്ള ടാങ്കര്‍ വെള്ളത്തിനായി വെപ്രാളപ്പെടുന്നവര്‍. ലോകത്ത് എവിടെയായാലും ഈ കാഴ്ചകള്‍ക്ക് മാറ്റമൊന്നുമില്ല.
വരള്‍ച്ചയ്ക്ക് ഉത്തരം തേടുന്ന പെണ്‍പടയാണ് പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവെന്ന ഗ്രാമത്തിലെ കാഴ്ച. വരള്‍ച്ചയെ മെരുക്കിയെടുത്ത് ഗ്രാമീണസ്ത്രീകള്‍ ലോകത്തിന് വഴികാട്ടുകയാണ് ഇവിടെ. 190 കിണറുകളാണ് മുന്നൂറോളം സ്ത്രീകള്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനിടെ നിര്‍മിച്ചെടുത്തത്. കുടിവെള്ളത്തിനായി മഴയെ മണ്ണിലേക്ക് താഴ്ത്തി മണ്ണിന്റെ അടിത്തട്ടിലേക്ക് പോവുകയെന്ന സന്ദേശമാണ് ഈ സ്ത്രീകള്‍ ലോകത്തിന് നല്‍കുന്നത്.
ലോകം കണ്‍തുറന്ന് കാണേണ്ട ജലപാഠങ്ങളിലേക്കാണ് ഈ കൊച്ചുഗ്രാമത്തിലെ പെണ്‍കരുത്ത് പടവുകള്‍ ഇറങ്ങിച്ചെല്ലുന്നത്. ജലമില്ലാതെ വരണ്ടുപോയ മണ്ണില്‍ ഭൂഗര്‍ഭജലത്തെ ഊറ്റിയെടുക്കാന്‍ യന്ത്രക്കൈകളാല്‍ കുഴല്‍കിണര്‍ മാന്തുന്നവരോട് വീണ്ടും ജലനിരപ്പ് താഴുമ്പോള്‍ നിങ്ങളെന്ത് ചെയ്യുമെന്ന ചോദ്യം ഇവര്‍ ഉയര്‍ത്തുന്നുണ്ട്. വരള്‍ച്ചയെ ജയിക്കാന്‍ മഴയെ മണ്ണിലേക്കിറക്കി കിണറുകള്‍ കുത്തുകയാണ് പൂക്കോട്ടുകാവ് നല്കുന്ന ജലപാഠം. ഭാവനാശൂന്യമായ നടത്തിപ്പിലൂടെ പലയിടത്തും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരാജയമടയുമ്പോള്‍ പൂക്കോട്ടുകാവിലെ പെണ്‍കര്‍മസേന അതിശയിപ്പിക്കുന്ന ഉത്തരമാവുന്നത് ജലത്തിനായി കാത്തിരിക്കാതെ ജലത്തെ നിര്‍മിച്ചാണ്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ പെണ്‍കൂട്ടായ്മ ഒരു വര്‍ഷത്തിനിടെ കുത്തിയ കിണറുകളില്‍ എല്ലാത്തിലും കണ്ണാടിത്തെളിച്ചമുള്ള വെള്ളമുണ്ട്. നാടിന്റെ ജലസംഭരണിയാകാന്‍ അനേകം കുളങ്ങളും നിര്‍മിച്ചിട്ടുണ്ട് ഈ പെണ്‍പട. പൌരാണികകാലം തൊട്ട് പുരുഷന്മാര് കുത്തകയാക്കിയ അതിസാഹസികമായ തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ കടന്നുവരവ് പെണ്‍വിപ്ളവം തന്നെയാണ്. തരിമ്പുപോലും പുരുഷസഹായമില്ലാതെയാണ് പതിനെട്ടും ഇരുപതും കോല് താഴ്ചയുള്ള കിണറുകള്‍ ഇവര്‍ പണിതത്. കിണര്‍കുഴിയില്‍ മുന്നനുഭവങ്ങളൊന്നുമില്ലാത്ത ഈ പെണ്‍തൊഴില്‍സേന ഉടച്ചുവാര്‍ക്കുന്നത് പുരുഷമേല്ക്കോയ്മയുടെ ലോകത്തെയാണ്. പെണ്ണ് കിണര്‍കുത്തിയാല്‍ വെള്ളം തീണ്ടില്ലെന്ന മൂഢവിശ്വാസങ്ങളെയാണ്.