സ്ഥാപന ചരിത്രം

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്

 

ചരിത്രം • പൈതൃകം • സംസ്കാരം

ഭരണചരിത്രം

കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതോടെ ഗ്രാമപ്രദേശങ്ങളുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമായി. ഇതിന്റെ ഭാഗമായി 1977 ൽ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെടുകയും റോഡ്, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.

    കാലാനുസൃതമായി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചു. ഗ്രാമീണ റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികൾ, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, ഹരിതകേരളം പദ്ധതികൾ, മാലിന്യ സംസ്കരണ സംവിധാനം, ഡിജിറ്റൽ സേവനങ്ങൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഉപജീവന പദ്ധതികൾ എന്നിവ പഞ്ചായത്തിന്റെ വികസന യാത്രയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഇന്ന് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് സുതാര്യത, ജനപങ്കാളിത്തം, സാങ്കേതികവിദ്യയുടെ പ്രയോജനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയ്ക്ക് മുൻഗണന നൽകി മികച്ച പ്രാദേശിക സ്വയംഭരണ സ്ഥാപനമായി മുന്നേറുകയാണ്.

പുരാതന ചരിത്രം

പാലക്കാട് ജില്ലയില്‍, ഒറ്റപ്പാലം താലൂക്കില്‍, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തൃക്കടീരി എന്നീ വില്ലേജുകളുടെ പരിധിയില്‍പെട്ട ഈ പഞ്ചായത്തിന് 22.01 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ കിഴക്കുഭാഗത്ത് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് തൃക്കടീരി, അമ്പലപ്പാറ പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി എന്നിവയാണ്. ഒരു വള്ളുവനാടന്‍ ഗ്രാമമാണ് പൂക്കോട്ട് കാവ് പഞ്ചായത്ത് പ്രദേശം. ആദ്യകാലത്ത് സമയം ആയുര്‍വ്വേദം, വിഷവൈദ്യം, തച്ചുശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ പ്രഗത്ഭരായവരുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. കല്ല്, മരം, ലോഹം ഇവയുപയോഗിച്ച് ശില്‍പ്പങ്ങള്‍ രൂപപ്പെടുത്തുന്നവരും ഇവിടെ ഉണ്ടായിരുന്നു. കഥകളിയിലെ കല്ല് വഴി ചിട്ടയുടെ ജന്മദേശം ഈ പഞ്ചായത്താണ്.

സ്വാതന്ത്ര്യസമരവും ജനകീയ പോരാട്ടങ്ങളും

പൂക്കോട്ടുകാവ് ഉൾപ്പെടുന്ന പാലക്കാട് പ്രദേശം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും മലബാർ മേഖലയിലെ ജനങ്ങളിൽ ദേശീയബോധവും സാമൂഹിക ഐക്യവും വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.മുതിയില്‍ ഗോവിന്ദന്‍ നായര്‍ താമ്രപത്രം ലഭിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ക്വിറ്റ്ഇന്ത്യാസമരം, ക്ഷേത്രപ്രവേശനം, അയിത്തോച്ഛാടനം, ഹരിജനോദ്ധാരണം തുടങ്ങിയ രംഗങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച സാഹിത്യകാരന്‍ കൂടിയായ കെ.വി ഈശ്വരവാര്യര്‍ എന്നിവർ പ്രധാനപെട്ട വ്യക്തികള്‍ ആണ്. മപ്പാട്ട് മന ചെറിയപരമേശ്വരന്‍ നമ്പൂതിരിപ്പാട് (എം.സി.പി) മുപ്പതുകളില്‍ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിലും സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനത്തിലും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു.കീഴ്യേപ്പാട്ട് നാരായണന്‍ നായര്‍, കുറവന്‍തൊടി നാരായണന്‍ നായര്‍, എന്നിവര്‍ ഐ.എന്‍.എ യില്‍ സേവനം നടത്തിയവരും തുടര്‍ന്ന് സ്വാതന്ത്യ്ര സമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചവരുമാണ്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള താമ്രപത്രം ലഭിച്ച അഞ്ച്പേര്‍ ഈ പഞ്ചായത്തിലുണ്ട്. 

വിദ്യാഭ്യാസവും സാമൂഹിക വളര്‍ച്ചയും

നൂറ്റാണ്ടിന്റെ ആദ്യം തന്ന ഈ പ്രദേശത്ത് സ്കൂളുകള്‍ നിലവില്‍ വന്നിട്ടുണ്ട്. 1902-ല്‍ കുളങ്ങര മാധവന്‍ നായര്‍ എലമെന്റെറി സ്കൂളായി തുടങ്ങിയതാണ് ഇപ്പോഴത്തെ മുന്നൂര്‍കോട് എല്‍.പി.സ്കൂള്‍. ഇദ്ദേഹത്തിന്റെ മരുമകന്‍ ഗോപാലന്‍നായര്‍ മുന്നൂര്‍കോട്ട് പഞ്ചമ സ്കൂള്‍ തുടങ്ങി. ഇതില്‍ അധ:കൃതരെ പ്രത്യേകം ക്ഷണിച്ച് വരുത്തി അഭ്യസിപ്പിച്ചിരുന്നു. സവര്‍ണ്ണരും പഠിച്ചിരുന്നു. കാലാന്തരത്തില്‍ പഞ്ചമ സ്കൂള്‍ എലമെന്ററി സ്കൂളില്‍ ലയിച്ചു. ഗോപാലന്‍ എഴുത്തച്ഛന്‍ ഏകദേശം ഇക്കാലത്ത് തുടങ്ങിയതാണ് കല്ലുവഴി സ്കൂള്‍. ഈ കാലഘട്ടത്തില്‍ തന്നയാണ് കിണാശ്ശേരി സ്കൂള്‍, പൂക്കോട്ടകാവ്, പുഞ്ചപ്പാടം സ്കൂളുകളും തുടങ്ങിയത്. പിന്നീട് താനിക്കുന്ന് സ്കൂളും, കാട്ടുകുളം സ്കൂളും, മുന്നൂര്‍ക്കോട് സര്‍ക്കാര്‍ സ്കൂളും തുടങ്ങി. കാട്ടുകുളം ഹൈസ്കൂള്‍ രൂപപ്പെടുന്നതില്‍ കെ.വി ഈശ്വരവാര്യരുടേയും, കെ.കെ കാനൂരിന്റെയും പങ്ക് സ്മരണീയമാണ്. 47-48 കാലത്ത് ശിവമഠത്തില്‍ ഹയര്‍ എലമെന്ററി സ്കൂള്‍ തുടങ്ങാന്‍ കിട്ടിയ അനുമതി ഉപയോഗിച്ച് കെ.വി, കാനൂര്‍ എന്നിവരുടെ പ്രവര്‍ത്തന ഫലമാണ് ഇന്നത്തെ കാട്ടുകുളം ഹൈസ്കൂള്‍ 81-ല്‍ സര്‍ക്കാര്‍ യു.പി സ്കൂള്‍ ഉയര്‍ത്തിയതാണ് മുന്നൂര്‍കോട്ടെ ഗവ.ഹൈസ്കൂള്‍. ഈ പ്രദേശത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിഡന്റ് പി.ടി ഭാസ്ക്കരപണിക്കരുടെ പങ്ക് സ്മരണീയമാണ്.ഒറ്റപ്പാലം കരിമ്പ് റോഡ് 100-ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റവന്യൂ ഉദ്യോഗസ്ഥനായിരുന്ന നോട്ടന്‍ എന്ന ട്രോട്ടന്‍ സായിപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടന്നത്. ആദ്യ സര്‍വ്വേ കടമ്പൂര്‍, താനിക്കുന്ന് മംഗലം വഴിയാണ് നടന്നത്.കിഴക്കേപ്പാട്ടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ബന്ധൂഗൃഹം കല്ലുവഴിയിലായിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ സ്വാധീനത്തലാണ് ആ റോഡ് കല്ലുവഴിയായത്. 1940-ല്‍ കല്‍ക്കരി ഇന്ധനമായുള്ള കരിമ്പുഴ-ഒറ്റപ്പാലം സര്‍വ്വീസ് തുടങ്ങി

കാർഷിക ചരിത്രം

കൂട്ടുകുടുംബ വ്യവസ്ഥയിലാണ് ജനങ്ങള്‍ അധിവസിച്ചിരുന്നത്. ചിലപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനവാസമുണ്ടായിരുന്നത്. മുഖ്യ ഭക്ഷണം അരിയും അരിയുല്‍പ്പന്നങ്ങളുമായിരുന്നു. കര്‍ഷകകുടുംബങ്ങളില്‍ വിഷുപുലരി മുതല്‍ കര്‍ക്കിടകം അവസാനം വരെ ഒരു നേരം ചോറും രണ്ട് നേരം കഞ്ഞിയുമായിരുന്നു ഭക്ഷണം. ബാക്കി കാലങ്ങളില്‍ രണ്ട് നേരം ചോറും ഒരു നേരം കഞ്ഞിയും. ജന്മികുടുംബങ്ങളില്‍ ഇത് ബാധകമല്ല. ബാക്കിജനവിഭാഗങ്ങള്‍ അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലുമായിരുന്നു. പഞ്ഞമാസങ്ങളില്‍ താള്, തകര, ഈര്‍മ്പനപ്പൊടി, കുടപ്പനപ്പൊടി, മുളങ്കട്ട, കാട്ടുകിഴങ്ങൂകള്‍ ഇവ ഭക്ഷിച്ചിരുന്നു. ഭക്ഷ്യാവശ്യത്തിനുള്ള വസ്തുക്കളുടെ കളവ് സാര്‍വത്രികമായിരുന്നു. ജന്മിത്വത്തിന്റെ ഭാഗമായി വസ്ത്രധാരണരീതിയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്നു. ചായ അപൂര്‍വ്വപാനീയമായിരുന്നു. വാഴയുടെ തണ്ട്, ഇല ഇവ ഉണക്കികരിച്ചത് അലക്കാനും, ഉറിയഞ്ചിക്കായ, ചീനിയ്കാ, നെന്മേനി, വാകതൊലി, ഈഞ്ച, വെള്ളിയില, തിരുതാളി, കുറുന്തോട്ടി, തുടങ്ങിയവയും തേക്കാനും, കുളിക്കാനും ഉപയോഗിച്ചിരുന്നു. പൊതു ആഘോഷങ്ങളും ആവശ്യങ്ങളും സമുദായകൂട്ടായ്മയിലാണ് നിറവേറ്റപ്പെട്ടിരുന്നത്. പൊതുപ്രവര്‍ത്തനങ്ങളില്‍ തീര്‍പ്പുണ്ടാക്കിയിരുന്നത് സ്ഥലത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നായിരുന്നു. കൃഷിക്കാരായിരുന്നു പ്രമുഖര്‍. ഗ്രാമതലത്തിലെ ഭരണാധിപന്‍ അധികാരിയായിരന്നു. അധികാരി ധനിക കര്‍ഷകനായിരുന്നു. അധികാരിയുടെ ആസ്ഥാനം കച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഞ്ചായത്ത് രൂപീകരണ ശേഷം വന്ന ഭരണ മാറ്റങ്ങളിലൂടെ നെല്ല്, തേങ്ങ, കവുങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയാണ് പ്രധാന കാർഷിക വിളകൾ. കർഷക കൂട്ടായ്മകൾ, ജലസംരക്ഷണ പദ്ധതികൾ, കൃഷിവകുപ്പിന്റെ സഹായപദ്ധതികൾ എന്നിവ കാർഷിക വികസനത്തിന് കരുത്തേകി.

 

 

സാമ്പത്തിക വളർച്ചാ ചരിത്രം

കൃഷിക്കൊപ്പം ചെറുകിട വ്യാപാരം, സേവനമേഖല, പ്രവാസി വരുമാനം, കുടുംബശ്രീ സംരംഭങ്ങൾ, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയും പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

സാംസ്കാരിക പൈതൃകം

ക്ഷേത്രോത്സവങ്ങൾ, പള്ളി പെരുന്നാളുകൾ, മസ്ജിദുകളിലെ മതാചാരങ്ങൾ, ഓണം, വിഷു, ഈദ്, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക ഐക്യത്തിന്റെ പ്രതീകങ്ങളാണ്. നാടൻ കലാരൂപങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഇവിടെ പ്രാധാന്യമുണ്ട്.ഒരു വള്ളുവനാടന്‍ ഗ്രാമമാണ് പൂക്കോട്ട് കാവ് പഞ്ചായത്ത് പ്രദേശം. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മതവിശ്വാസികളാണ് ജനങ്ങള്‍. ജാത്യാചാരങ്ങള്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റേതൊരു പ്രദേശത്തേയും പോലെ രൂക്ഷമായിരുന്നു. 5 പ്രമുഖ മനകളായിരുന്നു സര്‍വ്വാധികാരികള്‍. ജനങ്ങള്‍ അവരുടെ ആശ്രിതരായിരുന്നു. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തൊട്ടടുത്ത കാലത്ത് വന്ന് താമസം തുടങ്ങിയവരാണ്. തമിഴ് വംശജരായ കുറച്ച് തുണിനെയ്ത്ത് (മുസ്ളീം റാവുത്തര്‍) കുടുംബങ്ങളുണ്ടായിരുന്നു. പരിയാനംപറ്റ, കാളീകാവ് ക്ഷേത്രങ്ങള്‍ താരതമ്യേന പുരാതനമാണ്. ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തിയിരുന്നു (ആട്,കോഴി). സ്വാതന്ത്ര്യ സമരകാലത്ത് നിര്‍ത്തിയതാണ് ഇത്. അയിത്തം കൊടികുത്തി വാണിരുന്നു. നമ്പൂതിരിപ്പാട് മുതല്‍ ഏറ്റവും താണ സമുദായക്കാരന്‍ വരെ തലങ്ങളിലായി വ്യത്യസ്ത അളവില്‍ വഴിനടക്കാന്‍, കുളിക്കാന്‍, വസ്ത്രം ധരിക്കാന്‍, ഭക്ഷണം കഴിക്കാന്‍ എല്ലാം ഈ വിലക്കുകള്‍ നിലനിന്നിരുന്നു. തൊട്ടുകല്യണം, തെരണ്ട്കല്യാണം തുടങ്ങിയ ആചാരങ്ങളുണ്ടായിരുന്നു. വിവാഹചടങ്ങുകള്‍ രാത്രിയിലായിരുന്നു. കുടുംബാചാരങ്ങളും, ഘോഷങ്ങളും പുരമേച്ചില്‍ തുടങ്ങിയ കാര്യങ്ങളും പരസ്പര സഹായരീതിയിലാണ് നടന്നത്. സ്വത്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ തക്ക രീതിയിലായിരുന്നു വിവാഹബന്ധങ്ങള്‍. നമ്പൂതിരി സമുദായങ്ങളില്‍ സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മൂത്തയാള്‍ക്ക് മാത്രമായിരുന്നു സമുദായ വിവാഹം.

കലയും സാഹിത്യവും

സുമാര്‍ 100 കൊല്ലം മുമ്പ് ചുല്ലൊള്ളി ശ്രീദേവിഅമ്മ മൂന്നൂര്‍ക്കോട് എലമെന്ററി സ്കൂളില്‍ അധ്യാപികയായിരുന്നതും കയ്പഞ്ചരി കുഞ്ഞുമാളു അമ്മ കഥകളി അഭ്യസിച്ച് ചെണ്ടകൊട്ടിയാടിയതും അക്കാലത്ത് സ്ത്രീകള്‍ കലയിലും വിദ്യാഭ്യാസത്തിലും തല്‍പ്പരരായിരുന്നു എന്ന് കാണിക്കുന്നു. കുയില്‍തൊടി ഇട്ടിരാരിശ്ശന്‍ നായര്‍ എന്ന ഇട്ടിരാരിശ്ശമേനോന്‍, തീക്കുളത്തില്‍ ശങ്കുനായര്‍, കുലപ്പറമ്പില്‍ കൃഷ്ണന്‍ നായര്‍, എന്നിവരുടെ കഥകളിയിലെ കല്ലുവഴി ചിട്ടയിലെ പങ്ക് നിര്‍ണ്ണായകമാണ്. വള്ളൂര്‍ മന, ഒളപ്പമണ്ണ മന ഇവയുടെ കലയിലെ പങ്കും മപ്പാട്ട് നായരുടെ കലാ സാംസ്കാരിക സാമൂഹ്യ പരിഷ്കരണ രംഗങ്ങളിലെ പങ്കും എടുത്ത് പറയാവുന്നതാണ്. മപ്പാട്ട് മനക്കല്‍ ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ നേത്യത്വത്തില്‍ മനോമോഹന നടനസഭ(1911) അക്കാലത്തെ പേരെടുത്ത കലാസമിതിയായിരുന്നു. സഭക്ക് സ്വന്തമായുണ്ടായിരുന്ന നാടകകോപ്പുകള്‍ കാലാന്തരത്തില്‍ കാഞ്ഞൂര്‍ മന വഴി പി.എസ്.വി നാട്യ സംഘത്തിലെത്തി.

പൂക്കോട്ടുകാവ് എന്ന പേരിന്റെ ഉദ്ഭവം

പൂക്കോട്ടുകാവ്" എന്ന പേരിനെക്കുറിച്ച് ഔദ്യോഗിക ചരിത്രരേഖകളില്ല. പ്രാദേശിക വിശ്വാസമനുസരിച്ച്, പൂക്കളാൽ സമൃദ്ധമായ ഒരു വിശുദ്ധ കാവിനെ ആസ്പദമാക്കിയാണ് ഈ പേര് ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഇത് ഒരു പ്രാദേശിക പരമ്പരാഗത വിശ്വാസമാണ്; ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ചരിത്രവസ്തുതയല്ല.